അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ആരെങ്കിലും ശരിയായ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി ലൈലത്തുല്‍ ഖദ്‌റില്‍ നമസ്കരിക്കുകയാണെങ്കില്‍ അവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടുന്നതാണ്. (ബുഖാരി. 1. 2. 34)
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: തിരുമേനി(സ) അരുളി: ഒരാള്‍ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ സമരത്തിന്നിറങ്ങുന്നു. എന്നിലുള്ള വിശ്വാസവും എന്‍റെ ദൂതന്‍മാരിലുള്ള വിശ്വാസവും മാത്രമാണ് അയാളെ അതിന് പ്രേരിപ്പിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള ഒരാളെ എന്‍റെ അടുക്കല്‍ നിന്നുള്ള പ്രതിഫലമോ ശത്രുപക്ഷത്തു നിന്ന് പിടിച്ചെടുത്ത ധനമോ രണ്ടിലൊന്ന് നേടിക്കൊടുത്തിട്ടല്ലാതെ തിരിച്ചയക്കുകയില്ലെന്ന കാര്യം അല്ലാഹു ഉത്തരവാദിത്തമായി ഏറ്റെടുത്തിരിക്കുന്നു. മാത്രമല്ല, അവനെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കുമെന്നും എന്‍റെ സമുദായത്തിന് ക്ളേശമാകുമെന്നു ഞാന്‍ വിചാരിച്ചിരുന്നില്ലെങ്കില്‍ യുദ്ധത്തിനയക്കുന്ന ഒരു സൈന്യത്തില്‍ നിന്നും ഞാന്‍ പിന്തി നില്‍ക്കുമായിരുന്നില്ല. അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ ഞാന്‍ വധിക്കപ്പെടുകയുംപിന്നീട് ജീവിപ്പിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ജീവിക്കപ്പെടുകയും വീണ്ടും വധിക്കപ്പെടുകയും ചെയ്തിരിക്കുന്നുവെങ്കില്‍ എന്നാണ് ഞാന്‍ ആശിച്ചു പോകുന്നത്. (ബുഖാരി. 1. 2. 35)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വല്ലവനും റമളാന്‍ രാത്രിയിലെ ഐച്ഛിക നമസ്കാരം (തറാവീഹ്) നിര്‍വ്വഹിച്ചാല്‍ അവന്‍ മുമ്പ് ചെയ്ത തെറ്റുകളില്‍ നിന്നും അവന് പൊറുത്തു കൊടുക്കും. (ബുഖാരി. 1. 2. 36)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി അരുളി: വിശ്വാസത്തോടും പ്രതിഫലം ആശിച്ചുകൊണ്ടും ആരെങ്കിലും റമളാന്‍ വ്രതം അനുഷ്ഠിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്. (ബുഖാരി. 1. 2. 37)