Veteran Hindi Actor Shashi Kapoor Passed Away
വിഖ്യാത ബോളിവുഡ് നടനും നിർമാതാവുമായ ശശി കപൂർ അന്തരിച്ചു. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 2014ല്‍ ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനക്കുള്ള ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 1938 മാർച്ച് 18ന് ജനിച്ച ശശി കപൂർ ബാലതാരമായാണ് ഹിന്ദി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1961ൽ പുറത്തിറങ്ങിയ ധർമ്മപുത്രയാണ് ശശി കപൂർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ ചിത്രം. പിന്നീടങ്ങോട്ട് നൂറിലേറെ ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചു. ഇതിൽ മിക്ക ചിത്രങ്ങളിലും നായക കഥാപാത്രമായിരുന്നു. കഭി കഭി, ഷാൻ, ത്രിശൂൽ, ജുനൂൻ, കൽയുഗ്, ദീവാർ, നമക് ഹലാൽ എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ആറ് ഹിന്ദി ചിത്രങ്ങൾ നിർമ്മിച്ച ശശി കപൂർ, അജൂബ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുമുണ്ട്. 12 ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ അദ്ദേഹത്തെ 2014ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നൽകി രാജ്യം ആദരിച്ചു.