Buyer of $450 Million ‘Salvator Mundi’ Was a Saudi Prince?
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ വിഖ്യാത ചിത്രമാണ് സാല്‍വേറ്റര്‍ മുണ്ടി. ലോകത്തിന്റെ രക്ഷകന്‍ എന്നാണ് സാല്‍വേറ്റര്‍ മുണ്ടിയുടെ അര്‍ത്ഥം. യേശുക്രിസ്തുവിനെയാണ് ഡാവിഞ്ചി അദ്ദേഹത്തിന്റേതായ രീതിയില്‍ വരച്ചിട്ടുള്ളത്. ഇത് വലിയ വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ചിത്രമായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. അമേരിക്കയിലെ ക്രിസ്റ്റീസ് എന്ന ഓക്ഷന്‍ ഹൗസ് ആയിരുന്നു ചിത്രം ലേലത്തില്‍ വച്ചത്. ഈ ചിത്രം വാങ്ങിയത് ഒരു സൗദി രാജകുമാരന്‍ ആണ് എന്നതാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ന്യൂയോര്‍ക്ക് ടൈംസ് ആണ് ഈ വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. സൗദി രാജകുടുംബത്തിലെ അത്രയ്‌ക്കൊന്നും അറിയപ്പെടാത്ത ആളാണ് ബാദര്‍ ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ്. ചിത്രങ്ങളോ, അത്തരത്തില്‍ കലാമൂല്യമുള്ള വസ്തുക്കളോ ശേഖരിക്കുന്നതില്‍ പേര് കേട്ട ആളും അല്ല ഇദ്ദേഹം. അതുതന്നെയാണ് ഇക്കാര്യത്തില്‍ അമ്പരപ്പുണ്ടാക്കുന്നതും.