ക്ലാസിക്കുകളുടെ ക്ലാസിക്കെന്നു വിശേഷിപ്പിക്കപ്പെട്ട എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സലോണയ്ക്കു തകര്‍പ്പന്‍ വിജയം. സ്പാനിഷ് ലീഗില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെയാണ് ബാഴ്‌സ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കു തകര്‍ത്തത്.ലൂയിസ് സുവാരസും (54ാം മിനിറ്റ്) സൂപ്പര്‍ താരം ലയണല്‍ മെസ്സിയും (64) പകരക്കാരനായി ഇറങ്ങിയ അലെക്‌സ് വിദാലും (90) നേടിയ ഗോളുകളാണ് ബാഴ്‌സയ്ക്കു മിന്നുന്ന വിജയം സമ്മാനിച്ചത്.ആദ്യപകുതിയില്‍ റയലിന്റെ ആധിപത്യമാണ് കണ്ടതെങ്കില്‍ രണ്ടാംപകുതിയില്‍ ബാഴ്‌സയുടെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ബാഴ്‌സ റയലുമായുള്ള അകലം 14 പോയിന്റാക്കി ഉയര്‍ത്തി. ഒന്നാംപകുതിയില്‍ ബാഴ്‌സയുടെ അതിവേഗ ഫുട്‌ബോളിനു മുന്നില്‍ പലപ്പോഴും പകച്ചുപോയ ബാഴ്‌സ രണ്ടാംപകുതിയില്‍ ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. ബാഴ്‌സ പ്രതിരോധം വിട്ട് ആക്രമണത്തിനു തുനിഞ്ഞതോടെ റയല്‍ സമ്മര്‍ദ്ദത്തിലായി. 54ാം മിനിറ്റില്‍ റയല്‍ ആരാധകരെ നിശബ്ധരാക്കി സുവാരസ് ബാഴ്‌സയ്ക്ക് ലീഡ് സമ്മാനിച്ചു. മികച്ചൊരു നീക്കത്തിനൊടുവില്‍ വലതുമൂലയില്‍ നിന്നും റോബെര്‍ട്ടോ ബോക്‌സിനു കുറുകെ നല്‍കിയ മനോഹരമായ ക്രോസ്് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന സുവാരസ് വലയിലേക്ക് പായിക്കുകയായിരുന്നു.10 മിനിറ്റിനകം റയലിന്റെ തിരിച്ചുവരവ് സാധ്യതകള്‍ ദുഷ്‌കരമാക്കി ബാഴ്‌സ ലീഡുയര്‍ത്തി. റയല്‍ ബോക്‌സിനുള്ളില്‍ വച്ചുള്ള കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പൗലിഞ്ഞോയുടെ ഗോളെന്നുറച്ച ഹെഡ്ഡര്‍ റയല്‍ താരം കര്‍വാല്‍ കൈ കൊണ്ട് തടുത്തിടുകയായിരുന്നു. തുടര്‍ന്ന് കര്‍വാലിന് ചുവപ്പ് കാര്‍ഡ് നല്‍കിയ റഫറി ബാഴ്‌സയ്ക്ക് അനുകൂലമായി പെനല്‍റ്റിയും വിധിച്ചു.