ഇന്ത്യയില്‍ ഭീകരാക്രമണ മുന്നറിയിപ്പുമായി ജെയ്ഷെ മുഹമ്മദ്

Oneindia Malayalam 2017-12-26

Views 216


പഠാന്‍കോട്ട് വ്യോമതാവളത്തിന് നേരെയുണ്ടായ ആക്രമണത്തേക്കാള്‍ വലിയ ആക്രമണം നടത്തുമെന്നാണ് ഭീഷണി. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അസ്ഗറാണ് ഇന്ത്യയെ ഇത്തവണ കാത്തിരിക്കുന്നത് പഠാന്‍കോട്ടിനേക്കാള്‍ വലിയ ഭീകരാക്രമണമാണെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ഇന്ത്യയില്‍ അസ്ഗറിനെതിരെ നേരത്തെയും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളുണ്ട്. പഠാന്‍കോട്ട് ഭീകരാക്രമണക്കേസില്‍ എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രം പ്രകാരം അസ്ഗറും പഠാന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരരും തമ്മില്‍ ആശയവിനിമയം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വോയ്സ് റെക്കോര്‍ഡുകള്‍, ഉള്‍പ്പെടെയുള്ള രേഖകളാണ് ലഭിച്ചിട്ടുള്ളത്. 1999 ഡിസംബര്‍ 24 ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തിലും 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസിലും അസ്ഗറിന് പങ്കുണ്ടെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പാകിസ്താനിലെ ബഹവല്‍പൂരിലെ ഒരു മുസ്ലിം പള്ളിയില്‍ വച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. പത്താന്‍ കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് അസ്ഗര്‍ സ്ഥിരീകരിക്കുന്ന വീഡിയോ കൂടിയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയില്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തേക്കാള്‍ വലിയ ഭീകരാക്രമണം നടത്തുമെന്ന് ജെയ്ഷെ മുഹമ്മദ് ഭീകരര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ജെയ്ഷെ മുഹമ്മദ് ഭീകരനും മസൂദ് അസ്ഹറിന്‍റെ സഹോദരനുമായ അസ്ഗറിനെതിരെ പഠാന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്റര്‍പോള്‍ റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പഠാന്‍കോട്ടില്‍ വീരമൃത്യു വരിച്ച ജെയ്ഷെ മുഹമ്മദ് ഭീകരന്‍ അബ്ദുള്‍ ഖയ്യൂമിനെയും ചടങ്ങില്‍ വച്ച് അസ്ഗര്‍ സ്മരിക്കുന്നുണ്ട്. നിരോധിത ഭീകരസംഘടന ജെയ്ഷെ മുഹമ്മദ് പാകിസ്താനില്‍ അനുസ്യൂതം പ്രവര്‍ത്തനം തുടരുന്നുണ്ട് എന്നതിന്റെ ഉത്തമഉദഹാരണമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വീഡിയോ. ഇന്ത്യ, യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഭീകരസംഘടനയായി മുദ്ര കുത്തിയിട്ടുള്ള സംഘടനയാണ് ജെയ്ഷെ മുഹമ്മദ്.

Share This Video


Download

  
Report form