ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസ് വീണ്ടും വാർത്തകളിലിടം പിടിക്കുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങളടക്കമുള്ള സുപ്രധാന രേഖകൾ ആവശ്യപ്പെട്ട് നടൻ ദിലീപ് കോടതിയെ സമീപിച്ചതോടെയാണ് കോളിളക്കം സൃഷ്ടിച്ച കേസ് വീണ്ടും ചർച്ചാവിഷയമാകുന്നത്.കേസിൽ തനിക്കെതിരെയുള്ള രേഖകളുടെ പകർപ്പ് ലഭ്യമാക്കണമെന്നും, കുറ്റപ്പത്രത്തിൽ വൈരുദ്ധ്യമുണ്ടെന്നും ആരോപിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് രണ്ട് ഹർജികളാണ് ദിലീപ് കോടതിയിൽ സമർപ്പിച്ചത്. കേസിലെ പ്രധാന തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്നും ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവിന്റെ ഉള്ളടക്കം കേസുമായി ഒത്തുപോകുന്നതല്ലെന്നും, അതിനാൽ പെൻഡ്രൈവിന്റെ പകർപ്പ് ലഭ്യമാക്കണമെന്നുമാണ് ദിലീപിന്റെ ആവശ്യം.ഏറെ ചർച്ച ചെയ്യപ്പെട്ട നടിയെ ആക്രമിച്ച കേസിൽ 2017 നവംബറിലാണ് ദിലീപിനെ പ്രതിചേർത്തുള്ള അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ആകെ പന്ത്രണ്ട് പ്രതികളുള്ള കേസിൽ ദിലീപ് എട്ടാം പ്രതിയാണ്.