കൊല്ലം കുരീപ്പള്ളിയില്‍ പതിനാലുകാരനെ സ്വന്തം അമ്മ വെട്ടിനുറുക്കി കഷണങ്ങളാക്കിയ വാര്‍ത്ത സമാനതകളില്ലാത്തതാണ്. ജിത്തു ജോബിന്റെ കൊലപാതകത്തില്‍ ഇതുവരെ വ്യക്തത വരുത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. സംഭവത്തില്‍ ദുരൂഹത തുടരാനുള്ള പ്രധാനകാരണം ജിത്തുവിന്റെ അമ്മ ജയമോളുടെ പരസ്പര വിരുദ്ധമായ മൊഴികളാണ്. മകനെ കൊന്നെന്ന് കുറ്റസമ്മതം നടത്തിയ ജയയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മ ജയമോളെയും പരിചയക്കാരനായ യുവാവിനേയും പോലീസ് പിടികൂടിയിരുന്നു. ഇരുവരും ചേര്‍ന്ന് നടത്തിയതാണ് കൊലപാതകം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചോദ്യം ചെയ്യലിനിടെ പരസ്പരവിരുദ്ധമായ മൊഴികളാണ് ജയ നല്‍കുന്നത് എന്നതാണ് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നത്. വസ്തു സംബന്ധമായ തര്‍ക്കമാണ് മകനെ കൊല്ലാനുള്ള കാരണമായി ആദ്യം ജയ പോലീസിനോട് പറഞ്ഞത്.മുഖമടക്കം കത്തിക്കരിഞ്ഞ നിലയിലാണ് ജിത്തുവിന്റെ മൃതദേഹം വീടിന് സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നും കണ്ടെടുക്കുന്നത്. ശരീരം വെട്ടിനുറുക്കിയ നിലയിലായിരുന്നു. കഴുത്തിലും കൈകാലുകളിലും വെട്ടേറ്റിരുന്നു.