സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിഹത്യയും അപവാദ പ്രചാരണവും ഏതറ്റം വരെ പോകുമെന്ന് നടി ആക്രമിക്കപ്പെട്ട വിഷയത്തിലും പാര്‍വ്വതിയുമായി ബന്ധപ്പെട്ട കസബ വിവാദത്തിലും കണ്ടതാണ്. പ്രത്യേകിച്ചൊരു മുഖമോ വിലാസമോ ഇല്ലാതെ എവിടെ നിന്നും തെറി വിളിക്കുകയും അശ്ലീലം പറയുകയും ചെയ്യാം എന്നതാണ് ഇത്തരം പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടത്താന്‍ ഞരമ്പ് രോഗികള്‍ക്കുള്ള അനുകൂല ഘടകം.തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജും ഷാനി പ്രഭാകരനും ഒരു ലിഫ്റ്റില്‍ നില്‍ക്കുന്ന ചിത്രം ഉപയോഗിച്ചാണ് ഫേസ്ബുക്കിലേയും വാട്‌സാപ്പിലേയും ഗ്രൂപ്പുകള്‍ വഴി കുപ്രചാരണം നടക്കുന്നത്. സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളും കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളും ആളുകളുമാണ് ഇത്തരം അശ്ലീല പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.അപവാദ പ്രചാരണത്തിന് ഉപയോഗിക്കുന്ന ലിങ്കുകളും പോസ്റ്റുകളും ഉള്‍പ്പെടെയാണ് ഷാനി സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇക്കാര്യം ഷാനി തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചതും. ഡിജിപിക്ക് നൽകിയ പരാതിയുടെ പൂർണ രൂപം ഷാനി തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിട്ടുമുണ്ട്. പരാതി ഇങ്ങനെയാണ്.