ഹണിമൂണ്‍ ട്രിപ്പിനായി ട്രെയിന്‍ മുഴുവന്‍ ബുക് ചെയ്തത് ദമ്പതികള്‍
ഹണിമൂണ്‍ ട്രിപ്പിനായി ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ദമ്പതികള്‍ തങ്ങളുടെ നീലഗിരി യാത്രക്കായി ബുക് ചെയ്തത് ഒരു ട്രെയിന്‍ മുഴുവനായും.
ഗ്രഹാം വില്യം ലിനും, ഭാര്യ സില്‍വിയ പ്ലാസികും ഈയടുത്താണ് വിവാഹിതരായത്. തങ്ങളുടെ ഹണിമൂണ്‍ വ്യത്യസ്തവും എന്നെന്നും ഓര്‍മിക്കപ്പെടുന്നതുമാകണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഇതോടെ ദമ്പതികള്‍ ഇങ്ങനെയൊരു ട്രിപ് പ്ലാന്‍ ചെയ്യുകയായിരുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിംങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക് ചെയ്യുകയും ചെയ്തു.മേട്ടുപ്പാളയത്തു നിന്നും ഉദ്ദഗമണ്ഡലത്തിലേക്കുള്ള ഈ യാത്രക്കായി മൂന്ന് ലക്ഷം രൂപയാണ് ദമ്പതികള്‍ ചിലവാക്കിയത്. സതേണ്‍ റെയില്‍വേയുടെ സ്പെഷ്യല്‍ ട്രെയിനിലായിരുന്നു യാത്ര. ഇത്തരത്തില്‍ ടിക്കറ്റ് ബുക് ചെയ്യുന്ന ആദ്യത്തെ ദമ്പതികളാണ് ഇവര്‍.
ആദ്യമായി ഇത്തരത്തിലൊരു വ്യത്യസ്ത യാത്രക്കെത്തിയ ദമ്പതികള്‍ക്ക് നല്ല സ്വീകരണമാണ് റെയില്‍വേ അധികൃതര്‍ ഒരുക്കിയത്.
രാവിലെ 9.10ന് മേട്ടുപ്പാളയത്ത് നിന്നും തിരിച്ച ദമ്പതികള്‍ 2.40ഓടെ ഊട്ടിയിലെത്തിച്ചേര്‍ന്നു. ഹില്‍ ടൂറിസം രംഗത്തെ വികസനത്തിനായി, റെയില്‍വേ ബോര്‍ഡ് സേലം ഡിവിഷന്‍ വഴി നീലഗിരി മൌണ്ടേന്‍ റെയില്‍വേ സെക്ഷനില്‍ അനുവദിച്ച സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസാണ് ഇത്. 120 പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൌകര്യമാണ് ട്രെയിനില്‍ ഒരുക്കിയിരിക്കുന്നത്.