5 വയസ്സുള്ള പെൺകടുവയെ ട്രാക്റ്റർ ഉപയോഗിച്ച് ഇടിച്ചു കൊന്നു
ഉത്തർ പ്രദേശിലെ ദുധ്വാ ടൈഗർ റിസ്സർവ്വിൽ പെൺകടുവയെ ട്രാക്റ്റർ ഉപയോഗിച്ച് ഇടിച്ചു കൊന്നതായി എഫ്ഐആർ റിപ്പോർട്ട്. കൊല്ലുന്നതിന് മുമ്പും കൊന്ന് കഴിഞ്ഞതിന് ശേഷം കടുവയെ ഗ്രാമീണർ അതിക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. ഗ്രാമീണർ കൂട്ടം ചേർന്ന് ട്രാക്റ്റർ ഉപയോഗിച്ച് ഇടിച്ചും ചതച്ചുമാണ് കടുവയെ കൊന്നതെന്ന് ടൈഗർ റിസർവ്വ് ഫീൽഡ് ഡയറക്ടർ രമേഷ് കുമാർ പാണ്ഡെ വ്യക്തമാക്കി. കൊന്നു കഴിഞ്ഞ ശേഷം കടുവയുടെ മുൻപല്ലും നഖങ്ങളും ഊരിയെടുക്കാൻ ഗ്രാമീണർ ശ്രമിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കിഷൻപൂർ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന് സമീപമുള്ള ചൽത്തുവാ ഗ്രാമത്തിൽ നിന്നുള്ളവരാണ് സംഭവത്തിലെ പ്രതികളെന്ന് പൊലീസ് വ്യക്തമാക്കി. തങ്ങളിലൊരാളെ ആക്രമിച്ചതിന് പ്രതികാരമായാണ് ഗ്രാമവാസികൾ ചേർന്ന് കടുവയെ അതിക്രൂരമായി കൊന്നുകളഞ്ഞത്. കടുവ ആക്രമിച്ച അമ്പത് വയസ്സുകാരനെ ഉടൻ തന്നെ ഹോസ്പിറ്റലിലെത്തിക്കാനുള്ള തിരക്കിലായിരുന്നു ഉദ്യോഗസ്ഥർ. ഈ സമയം ഗ്രാമവാസികൾ എല്ലാവരും സംഘം ചേരുകയും കടുവയെ ചതച്ച് കൊല്ലുകയുമായിരുന്നു.സംരക്ഷിത മേഖലയ്ക്കുള്ളിൽ വച്ച് കടുവ ആക്രമിക്കപ്പെട്ടത് ഗുരുതരമായ കുറ്റകൃത്യമാണെന്ന്‍ ഉദ്യോഗസ്ഥർ പറയുന്നു. സംഭവത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. തങ്ങളുടെ സ്വാഭാവിക വാസസ്ഥലം നഷ്ടപ്പെടുമ്പോഴാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നതെന്നും വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥ മാനിക്കപ്പെടേണ്ടതാണെന്നും വേൾഡ് വൈൽഡ്ലൈഫ് ഫണ്ട് വ്യക്തമാക്കി.