ദിവസം 70 കോടീശ്വരൻമാർ ജനിക്കുന്നു

News60ML 2019-01-22

Views 0

അതിസമ്പന്നരുടെ ദിവസവരുമാനം 2200 കോടി

ഇന്ത്യയിലെ കോടീശ്വരന്മാർ കഴിഞ്ഞവർഷം ദിവസം ശരാശരി സമ്പാദിച്ചത് 2,200 കോടി രൂപ.
രാജ്യത്തെ ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തിൽ ഒരു വർഷമുണ്ടായത് 39 ശതമാനം വർധന. അതേസമയം, താഴെത്തട്ടിലുള്ള ജനസംഖ്യയുടെ 50 ശതമാനത്തിന്റെ സമ്പത്തിലെ വർധന മൂന്നുശതമാനം മാത്രം.രാജ്യത്തെ ജനസംഖ്യയുടെ പത്തുശതമാനം വരുന്ന ഏറ്റവും താഴെത്തട്ടിലുള്ള 13.6 കോടി ജനങ്ങൾ 2004 മുതൽ കടക്കെണിയിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ചൊവ്വാഴ്ച തുടങ്ങുന്ന ലോക സാമ്പത്തിക ഫോറം വാർഷിക ഉച്ചകോടിക്കുമുന്നോടിയായി അന്താരാഷ്ട്ര സംഘടനയായ ഓക്സ്ഫാം പുറത്തിറക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ചുരുക്കംവരുന്ന അതിസമ്പന്നർ ഇന്ത്യയുടെ ആകെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയടക്കിക്കൊണ്ടിരിക്കുമ്പോൾ പാവപ്പെട്ടവർ ഒരുനേരത്തെ ആഹാരത്തിനും കുട്ടികളുടെ മരുന്നിനുമായി കഷ്ടപ്പെടുന്നുവെന്നത് ഞെട്ടിക്കുന്നതാണെന്ന് ഓക്സ്ഫാം ഇന്റർനാഷണൽ എക്സിക്യുട്ടീവ് ഡയറക്ടർ വിന്നി ബ്യാൻയിമ പറഞ്ഞു. ഒരുശതമാനംമാത്രം വരുന്ന അതിസമ്പന്നരും ബാക്കി ജനസംഖ്യയും തമ്മിലുള്ള ഈ വ്യത്യാസം തുടർന്നാൽ രാജ്യത്തെ സാമൂഹിക-ജനാധിപത്യ ഘടന തകിടംമറിയുമെന്നും അവർ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തികഫോറത്തിൽ പങ്കെടുക്കുന്ന പ്രധാന വ്യക്തികളിലൊരാളാണ് അവർ.
രാജ്യത്തെ സമ്പത്തിന്റെ 77 ശതമാനം അതിസമ്പന്നരുടേത്
ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 77.4 ശതമാനവും കൈയടക്കിവെച്ചിരിക്കുന്നത് ജനസംഖ്യയുടെ പത്തുശതമാനം മാത്രം വരുന്ന അതിസമ്പന്നരാണ്. കുറച്ചുകൂടി കൃത്യമായിപറഞ്ഞാൽ ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ പക്കലാണ് രാജ്യത്തെ 51.53 ശതമാനം സമ്പത്തുമുള്ളത്. രാജ്യത്തെ 50 ശതമാനം ആളുകളുടെ കൈവശമുള്ളതിന്‌ തുല്യമായത്ര സമ്പത്ത് ഒമ്പത് കോടീശ്വരന്മാരുടെ കൈയിൽമാത്രമുണ്ടെന്നും പഠനം പറയുന്നു.
ഇന്ത്യയിൽ 2018-2022 കാലയളവിൽ ദിവസം പുതുതായി 70 കോടീശ്വരൻമാർ ഉണ്ടാകുമെന്ന് ഓക്സ്ഫാം കണക്കാക്കുന്നു. സാമ്പത്തിക അസമത്വം ഈ തോതിൽ വളരുന്നതിന് സർക്കാരും കാരണക്കാരാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലാവിഭാഗത്തിൽ ആവശ്യത്തിന് പണം കൃത്യമായി അനുവദിക്കാത്തതാണ് ഇതിനുള്ള പ്രധാന കാരണം. കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും നികുതി ആനുകൂല്യങ്ങൾ നൽകുമ്പോൾ മറ്റുള്ളവർക്ക് ഇത് നിഷേധിക്കപ്പെടുന്നതായി ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ. അമിതാഭ് ബെഹർ പറഞ്ഞു. സാമ്പത്തിക അസമത്വം കൂടുന്നത് പെൺകുട്ടികളെയും സ്ത്രീകളെയുമാണ് അധികം ബാധിക്കുന്നത്.
2018-ൽ ഇന്ത്യയിൽ 18 പുതിയ കോടീശ്വരന്മാരാണ് ഉണ്ടായത്.
ഇതോടെ പട്ടികയിൽ ആകെ 119 പേരായി. ഇവരുടെ ആകെ സമ്പത്ത് 40,000 കോടി ഡോളർ (ഏകദേശം 28 ലക്ഷം കോടി രൂപ) കടന്നു. ചരിത്രത്തിൽ ആദ്യമാണിത്. 2017-ൽ ഇത് 32,550 കോടി ഡോളർ (23.16 ലക്ഷം കോടി രൂപ) ആയിരുന്നു. 2018 -ൽ 44,010 കോടി ഡോളറിലെത്തി (31.36 ലക്ഷം കോടി രൂപ). 2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തിനുശേഷം ഒറ്റവർഷമുണ്ടാകുന്ന ഏറ്റവുംവലിയ വാർഷിക വളർച്ചയാണിത്.
ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനത്തിൻറെ സ്വത്തുനികുതി അരശതമാനംകൂടി കൂട്ടിയാൽ സർക്കാരിന് ആരോഗ്യമേഖലയിൽ 50 ശതമാനം അധികതുക ചെലവഴിക്കാനാകുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
പൊതുജനാരോഗ്യം, ചികിത്സ, ശുചിത്വം, ജലവിതരണം എന്നിവയ്ക്കുള്ള കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ആകെ റവന്യൂ-മൂലധന ചെലവിനെക്കാൾ കൂടുതലാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ ആകെ സമ്പത്ത്. 2.08 ലക്ഷം കോടിരൂപയാണ് ഈവിഭാഗങ്ങളിൽ സർക്കാർ ചെലവ്.
മുകേഷ് അംബാനിയുടെ ആകെ സ്വത്ത് 2.8 ലക്ഷം കോടിയും.
ഇന്ത്യയടക്കം പലരാജ്യങ്ങളിലും ഗുണമേന്മയുള്ള വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും സാധാരണക്കാർക്ക് അപ്രാപ്യം. സമ്പന്നർക്കുമാത്രമേ ഇതിനുള്ള ചെലവ്‌ താങ്ങാനാവൂ. ഇന്ത്യയിൽ പാവപ്പെട്ട കുടുംബങ്ങളിൽ ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണസംഖ്യ സമ്പന്നകുടുംബങ്ങളിലുള്ളതിനെക്കാൾ മൂന്നുമടങ്ങാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.ക്രെഡിറ്റ് സ്യൂസ് വെൽത്ത് ഡേറ്റാബുക്ക്, ഫോബ്സ് കോടീശ്വരപട്ടിക എന്നിവയുൾപ്പെടെ പൊതുവായി ലഭിക്കുന്ന വിവരങ്ങളുടെ വിശകലനത്തിൽനിന്നാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS