ലോക്സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍. ഇടുക്കിയിലോ പത്തനംതിട്ടയിലോ ഉമ്മന്‍ചാണ്ടി മത്സരിക്കണം എന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ഉണ്ടെങ്കിലും എ ഗ്രൂപ്പില്‍ വിരുദ്ധവികാരമാണുള്ളത്. ഉമ്മന്‍ചാണ്ടി ലോക്സഭയിലേക്ക് മത്സരിക്കരുതെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരണമെന്നുമാണ് എ ഗ്രൂപ്പിലെ ശക്തമായ അഭിപ്രായം. പുതുപ്പള്ളി എംഎല്‍എ എന്ന നിലയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടി. അപൂര്‍വ്വമായ ഈ റെക്കോര്‍ഡ് അദ്ദേഹം വിട്ടു കൊടുക്കരുതെന്ന് എ ഗ്രൂപ്പിലെ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. എംഎല്‍എയായി തുടരണം എന്ന വികാരമാണ് ഉമ്മന്‍ചാണ്ടിയും പങ്കുവയ്ക്കുന്നത് എന്നാണ് സൂചന. എന്നാല്‍ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റിലും വിട്ടുവീഴ്ച്ച ചെയ്യാന്‍ ഹൈക്കമാന്‍ഡ് തയ്യാറല്ല. ഏറ്റവും ശക്തനായ സ്ഥാനാര്‍ഥിയെ ഒരോ സീറ്റിലും ജയം ഉറപ്പിക്കുക എന്നതാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. എ ഗ്രൂപ്പും ഉമ്മന്‍ചാണ്ടിയും എതിര്‍ത്താലും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്ന പക്ഷം അദ്ദേഹം മത്സരിക്കേണ്ടി വന്നേക്കും എന്നാണ് സൂചന.