വയനാടുമായി ബന്ധപ്പെടുത്തി വീണ്ടും വിവാദപരാമർശം നടത്തി ബിജെപി നേതാക്കൾ. രാഹുൽ ഗാന്ധിയുടെ മാനസികാവസ്ഥയെ വയനാട് മാറ്റിമറിച്ചെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. രാഹുൽ ഗാന്ധിയുടെ കാഷ്മീർ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിൽനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടെ രാഹുൽ ഗാന്ധിയുടെ മാനസികാവസ്ഥ മാറിയെന്ന് പ്രകാശ് ജാവദേക്കർ പറഞ്ഞു.
ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. താൻ അതിശയിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയ എത്രമാറ്റമാണ് വരുത്തുന്നത്. വയനാട്ടിൽനിന്നും ജയിച്ചതോടെ രാഹുലിന്റെ മാനസികനില തന്നെ മാറിപ്പോയി. അമേത്തിയിൽനിന്നും ജയിച്ചപ്പോഴൊന്നും അദ്ദേഹം ഇത്തരത്തിൽ സംസാരിച്ചിട്ടില്ല. അദ്ദേഹം സീറ്റ് മാറിയതോടെ മാനസികാവസ്ഥയും മാറി. വയനാടിന് കുഴപ്പമൊന്നുമില്ല. എന്നാൽ അവിടെനിന്നുള്ള പ്രതിനിധിയാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.