തൃശൂര്‍: മലക്കപ്പാറ റോഡിൽ സ്ഥാനാർഥിക്ക് നേരെ കാട്ടാന ആക്രമണം. മലക്കപ്പാറയിൽ പര്യടനത്തിനു പോയ ബ്ലോക്ക് സ്ഥാനാർഥിയെയും സംഘത്തെയും ആക്രമിച്ച് കാട്ടാനക്കൂട്ടം. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആണ് സംഭവം. കോൺഗ്രസിൻ്റെ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി ജൂവിൻ കല്ലേലിയും, സംഘവും സഞ്ചരിച്ച കാറുകൾക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞ് അടുക്കുകയായിരുന്നു. കാട്ടാനക്കൂട്ടം കാറിനു നേരെ വരുന്നത് കണ്ടതോടെ കാറിൽ ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകൻ കെ. എം.പോൾസൺ കാറിൽ നിന്നും ഇറങ്ങി ഓടി. ഇതോടെ കാട്ടാനയുടെ ലക്ഷ്യം പോള്‍സനിലേക്ക് തിരിഞ്ഞു. പോൾസൻ്റെ പുറകെ പാഞ്ഞ കാട്ടാന റോഡരികയിലെ കുഴിയിൽ വീണു. അതോടെ പോൾസൺ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡിൽ വീണ പോൾസന് കൈകൾക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. മലക്കപ്പാറ കാട്ടാന ആക്രമണത്തിന് സമാനമായി എറണാകുളത്തും സ്ഥാനാര്‍ഥിക്ക് നേരെ കാട്ടാന ആക്രമണം ഉണ്ടായി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് കാട്ടാന പ്രത്യക്ഷപ്പെട്ടത്. വനാതിർത്തി മേഖലയായ കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ സ്ഥാനാർഥിയാണ് ജുവൽ ജൂഡി. കാട്ടാന പ്രശ്‌നങ്ങള്‍ക്കെതിരെ സംസാരിക്കുന്നതിനിടയിലാണ് സംഭവം. കാട്ടാനായിറങ്ങിയത് താൻ ഉന്നയിക്കുന്ന പ്രശ്‌നത്തിൻ്റെ ഗൗരവം വ്യക്തമാക്കുന്നതാണെന്നും ജുവൽ പറഞ്ഞു. സ്ഥാനാർഥിയും കൂട്ടുകാരും ചേർന്ന് ആനയെ തുരുത്തിയാണ് പിന്നീട് പ്രചാരണം തുടർന്നത്.