കണ്ണൂർ: പിണറായിയിലെ വേണ്ടുട്ടായി കനാൽകരയിൽ ഉണ്ടായ സ്ഫോടനത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (ഡിസംബർ 16) കണ്ണൂരിൽ സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ വിപിൻ രാജിന് ഗുരുതരമായി പരിക്കേൽക്കുന്നത്. റീൽസ് ചിത്രീകരണത്തിനിടെയാണ് അനധികൃതമായി നിർമിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ചത്. വിപിൻ രാജിൻ്റെ ബന്ധു ഫോണിൽ ചിത്രീകരിച്ച ദൃശ്യമാണ് ഇപ്പോൾ പുറത്ത് വന്നത്. സ്ഫോടനത്തിൻ്റെ ദൃശം പുറത്ത് വന്നതോടെ പൊട്ടിയത് ഓലപ്പടക്കമാണെന്ന സിപിഎം വാദവും പൊളിഞ്ഞു. സ്ഫോടനത്തിൽ വിപിൻ രാജിൻ്റെ കൈപ്പത്തി തകർന്നിരുന്നു. അനധികൃതമായി നിർമ്മിച്ച സ്ഫോടക വസ്‌തുവാണ് വിപിൻ രാജിൻ്റെ കൈയിൽ നിന്ന് പൊട്ടിതെറിച്ചതെന്നാണ് ദ്യശ്യങ്ങളിൽ നിന്ന് വ്യക്തമാവുന്നത്. കൈപ്പത്തി തകർന്ന വിപിൻ രാജിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ഫോടക വസ്‌തു അശ്രദ്ധമായി കൈകാര്യം ചെയ്‌തതിനുള്ള വകുപ്പ് മാത്രമായിരുന്നു ചുമത്തിയ കുറ്റം. ഇതിനെതിരെ വിമർശനം ഉയർന്നിരുന്നു. ഫോറൻസിക് വിദഗ്‌ധർ സ്ഥലത്ത് നിന്ന് ശേഖരിച്ച വസ്‌തുക്കളുടെ രാസ പരിശോധന ഫലവും പുറത്ത് വരാനുണ്ട്. അനധികൃതമായി നിർമിച്ച സ്ഫോടക വസ്‌തു എവിടെ നിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ച പൊലീസ് അന്വേഷണം എങ്ങും എത്തിട്ടില്ല. പൊലീസിൻ്റെ തുടരന്വേഷണം നിലച്ച മട്ടാണ്. രാഷ്ട്രീയ സമർദ്ദമാണ് ഇതിന് കാരണമെന്ന വിമർശനമാണ് ഉയരുന്നത്.