Mini Screen Releases During Christmas
ക്രിസ്മസ് റിലീസ് ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. ബിഗ് സ്ക്രീൻ മാത്രമല്ല, മിനി സ്ക്രീനും ഈ പോരാട്ടങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ഓണം, പൂജ അവധികളില്‍ റിലീസ് ചെയ്ത എല്ലാ ചിത്രങ്ങളും ക്രിസ്മസിന് മിനി സ്ക്രീനിലെത്തുന്നുണ്ട്. ഏഷ്യാനെറ്റ്, സൂര്യ, മഴവില്‍ മനോരമ എന്നീ ചാനലുകളുടെ ലിസ്റ്റാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ മൂന്ന് ചാനലുകളിലായി 16 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. ഇവയില്‍ ഏറിയ പങ്കും പുതിയ ചിത്രങ്ങളാണ്. അടുത്തകാലത്ത് തിയറ്ററിലെത്തിയ ചിത്രം വരെ ഈ ലിസ്റ്റിലുണ്ട്. ഓണത്തിന് തിയറ്ററിലെത്തിയത് നാല് ചിത്രങ്ങളായിരുന്നു. അതില്‍ മൂന്ന് ചിത്രങ്ങളും ക്രിസ്തുമസിന് ഈ മൂന്ന് ചാനലിലുമായി ടെലികാസ്റ്റ് ചെയ്യുന്നുണ്ട്. മമ്മൂട്ടി ചിത്രം പുള്ളിക്കാരന്‍ സ്റ്റാറാ, നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവ ഏഷ്യാനെറ്റലും പൃഥ്വിരാജ് ചിത്രം ആദം ജോണ്‍ മഴവില്‍ മനോരമയിലുമാണ്. പൂജ അവധി ആഘോഷിക്കാന്‍ തിയറ്ററിലെത്തിയത് നാല് ചിത്രങ്ങളായിരുന്നു. അതില്‍ മഞ്ജുവാര്യര്‍ ചിത്രം ഉദാഹരണം സുജാത, ബിജു മേനോന്‍ ചിത്രം ഷെര്‍ലക് ടോംസ് എന്നിവ ഏഷ്യാനെറ്റിലും ടൊവിനോ നായകനായി എത്തിയ തരംഗം സൂര്യ ടിവിയിലും സംപ്രേക്ഷണം ചെയ്യും.