വിപി ഗംഗാധരൻ സാറിന്റെ പേരിൽ കാൻസറിനുള്ള അദ്‌ഭുതചികിത്സ എന്ന മൂന്ന് പോയിന്റുകളുമായൊരു മെസേജ് സോഷ്യൽ മീഡിയ കൈയടക്കിയിരിക്കുന്നു. പേരെടുത്തൊരു കാൻസർ രോഗവിദഗ്‌ധന്റെ ഫോട്ടോ പിറകിലൊട്ടിച്ചാൽ കിട്ടുന്ന വിശ്വാസ്യത ഓർത്താവണം ഗംഗാധരൻ സർ മനസ്സാവാചാ അറിയാതൊരു കാര്യം അദ്ദേഹത്തിന്റെ പേരിൽ പ്രചരിക്കുന്നത്.പഞ്ചസാര കഴിച്ചില്ലെങ്കിൽ കാൻസർ പടരില്ല എന്ന ആദ്യ പോയിന്റ്. പഞ്ചസാര ആയാലും ചോറായാലും ചപ്പാത്തിയായാലും കാർബോഹൈഡ്രേറ്റ് വിഭാഗത്തിലെ എന്ത് സാധനമായാലും ശരീരത്തിലെത്തിയാൽ ഒടുക്കം ഗ്ലൂക്കോസായി മാറും. ശരീരത്തിന്റെ സകലപ്രവർത്തനങ്ങൾക്കുമുള്ള ഇന്ധനമാണ് ഗ്ലൂക്കോസ്. ആമാശയത്തിലെത്തുമ്പോൾ പഞ്ചസാരത്തരി പെറുക്കിയെടുത്ത് 'ഹായ് നമുക്ക് കാൻസറിന് തിന്നാൻ കൊടുക്കാം' എന്ന് തീരുമാനിക്കാനുള്ള മെക്കാനിസം അവിടെയില്ല. അസംബന്ധമാണിത്. പഞ്ചസാര കഴിക്കാതിരുന്നാൽ കാൻസർ തടയാനാവില്ല.ചെറുനാരങ്ങ പിഴിഞ്ഞ് കുടിച്ചാൽ ധാരാളം വൈറ്റമിൻ സി കിട്ടും. കൂട്ടത്തിൽ കുറച്ച് ധാതുലവണങ്ങളും ഇങ്ങ് പോരും. പണ്ട് ലിനസ് പോളിങ്ങ് എന്ന ഇരട്ട നോബൽ സമ്മാനജേതാവ് വൈറ്റമിൻ സി അധിക അളവിൽ ഉപയോഗിക്കുന്നത് ജലദോഷം മുതൽ കാൻസർ വരെ തടയുമെന്ന് പ്രചരിപ്പിച്ചിരുന്നു.