1958 ൽ തൃശൂരിലാണ് കേരളത്തിലെ ആദ്യ കോഫീ ഹൗസ് നിലവിൽ വന്നത്
മലയാളികൾക്ക് നിരവധി ഒത്തു ചേരലുകൾക്കും ചർച്ചകൾക്കും ഇരിക്കാനിടം സമ്മാനിച്ച ഇന്ത്യൻ കോഫി ഹൗസ് കേരളത്തിൽ 60 വർഷം തികച്ചിരിക്കുകയാണ് . ഈ അവസരത്തിൽ ഇന്ത്യൻ കോഫി ഹൗസിനെക്കുറിച്ച് കൂടുതൽ അറിയാം. കേരളത്തിലെ പ്രശസ്തമായ കോഫീ ഹൗസ് ശൃംഖലയിൽ പ്രമുഖ സ്ഥാനമാണ് ഇന്ത്യൻ കോഫീ ഹൗസിനുള്ളത് . കോഫി ഹൗസുകളിൽ നിന്നും ജനിച്ച സംഘടനകളുണ്ട്, സ്ഥാപനങ്ങളുണ്ട്. അതുപോലെ നിരവധി പുസ്തകങ്ങളും നാടകങ്ങളും സിനിമകളുമുണ്ട്.ഇന്ന് നിരവധി കലാകാരന്മാരുടെയും ചിന്തകരുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ചർച്ചാവേദികളായി മാറിയിരിക്കുകയാണ് ഇന്ത്യൻ കോഫീസുകൾ . സ്വതന്ത്ര ഇന്ത്യയിൽ വിവിധ മേഖലകളിൽ ഉയർന്നുവന്ന പുത്തൻ നേതൃത്വങ്ങളുടെ സംഗമവേദികളായിരുന്നു കോഫി ഹൗസുകൾ. ഇന്ത്യയിലെ കോഫീ ഹൗസുകളുടെ ചരിത്രം തുടങ്ങുന്നത് കൽകട്ടയിൽ നിന്നാണ് . 1780 ൽ കൊൽക്കത്തയിൽ ആദ്യത്തെ കോഫീ ഹൗസിനു തുടക്കമായി. രണ്ടാമത്തേത് 1892 ൽ മദിരാശിയിലും മൂന്നാമത്തേത് 1909 ൽ ബാംഗ്ലൂരിലും ആണ് സ്ഥാപിതമായത്.1940 ൽ കാപ്പി വ്യവസായത്തെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുക എന്ന ഉദ്ദേശത്തോടെ ഇന്ത്യാ കോഫി മാർക്കറ്റ് എക്സ്പാൻഷൻ ബോർഡ് രൂപവത്കരിക്കപ്പെട്ടു . നാട്ടിൽ വിളയുന്ന കാപ്പി വാങ്ങി വിൽക്കുക, കെട്ടിക്കിടക്കുന്ന കാപ്പി ചെലവാക്കാൻ വേണ്ടതു ചെയ്യുക– എന്നിവയായിരുന്നു ബോർഡിന്റെ ലക്ഷ്യം ,ഇത് 1942 ൽ കോഫി ബോർഡ് ആയതോടെ കോഫീ ഹൗസുകൾ തുടങ്ങുകയുമായിരുന്നു . എന്നാൽ 1957 ൽ കോഫി ബോർഡ് കോഫി ഹൗസുകൾ അടച്ചു പൂട്ടാൻ തീരുമാനിച്ചു. അന്നു ആകെയുണ്ടായിരുന്ന 43 കോഫി ഹൗസുകളിൽ ജോലിചെയ്തിരുന്ന ആയിരത്തോളം തൊഴിലാളികളെ 1958 ൽ പിരിച്ചു വിട്ടു. ഇതിനെ എതിർത്ത എ കെ ഗോപാലൻ(എ.കെ.ജി) അന്നത്തെ പ്രധാന മന്ത്രിയായിരുന്ന നെഹ്രുവിന്റെ സഹായത്തോടെ മിക്ക സംസ്ഥാനങ്ങളിലും ഇന്ത്യൻ കോഫിബോർഡ് വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ രൂപവത്കരിക്കുകയും ആദ്യ സംഘം ബാംഗ്ലൂരിൽ നിലവിൽ വരികയായിരുന്നു .മുൻകാലങ്ങളിൽ കോഫി ഹൗസുകൾ ബുദ്ധിജീവികളുടെ താവളമായിരുന്നെങ്കിൽ പിന്നീടവ സാംസ്കാരിക കേന്ദ്രങ്ങളായിമാറുകയായിരുന്നു.കേരളത്തിൽ ഇന്ത്യൻ കോഫി ഹൗസുകളുടെ തുടക്കവും ചരിത്രം - 1958 ൽ തൃശൂരിലാണ് കേരളത്തിലെ ആദ്യ കോഫീ ഹൗസ് നിലവിൽ വന്നത് . കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ കെ ഗോപാലൻ 1958-ൽ തൃശൂരിൽ രൂപം നൽകിയ ഇന്ത്യൻ കോഫീ വർക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഫെഡറേഷൻ എന്ന തൊഴിലാളി സഹകരണ സംഘമാണ് ഇന്ത്യൻ കോഫീ ഹൗസ് ശൃംഖല നടത്തിയിരുന്നത് . കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അൻപതിലധികം ഇന്ത്യൻ കോഫീ ഹൗസുകളുണ്ട്.തൃശ്ശൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് അഡ്വ. ടി കെ കൃഷ്ണൻ ആയിരുന്നു സംഘം പ്രസിഡണ്ട്. തൃശൂർ, സ്വരാജ് റൗണ്ടിലെ പ്രശസ്ത പ്രസാധകരായ മംഗളോദയത്തിന്റെ കെട്ടിടത്തിലായിരുന്നു ബോർഡിന്റ കോഫി ഹൗസ് പ്രവർത്തിച്ചിരുന്നത്. 1958 ജനുവരി 17നു തൃശൂർ കോഫി ഹൗസ് അടച്ചുപൂട്ടി മൂന്നു ദിവസം കഴിഞ്ഞു ഹൗസ് ഏറ്റെടുക്കുന്ന കരാറിൽ ബോർഡുമായി സഹകരണ സംഘം ഒപ്പുവച്ചു. തുടർന്നു മംഗളോദയത്തിന് 200 രൂപ മുൻകൂറായി കൊടുത്ത് കോഫി ഹൗസ് കെട്ടിടം വാടകയ്ക്കെടുത്തു. 1958 മാർച്ച് 8–നു തൃശൂർ കോഫി ഹൗസ് എകെജി ഉദ്ഘാടനം ചെയ്തു. അങ്ങിനെ 13 തൊഴിലാളികളുമായി കേരളത്തിലെ ആദ്യത്തെ തൊഴിലാളി ഇന്ത്യൻ കോഫി ഹൗസ് തുടങ്ങുമ്പോൾ, കാപ്പിക്ക് വെറും പത്തു പൈസയായിരുന്നു വില!ഉദ്ഘാടന ദിവസം ഒരു മണിക്കൂറാണ് കോഫി ഹൗസ് പ്രവർത്തിച്ചത്. 60 രൂപ 99 പൈസയായിരുന്നു ആദ്യ ദിവസത്തെ വിറ്റുവരവ്.ആദ്യകാലത്ത് കാപ്പി, ഓംലെറ്റ്, കട്‌ലറ്റ് എന്നിവ മാത്രമെ ഉണ്ടായിരുന്നുള്ളൂവെങ്കിലും പിന്നീട് ഊണും പലഹാരങ്ങളുമികെ കൊടുത്ത് തുടങ്ങി . കോഫി ബോർഡിന്റെ കോഫി ഹൗസുകൾ പ്രവർത്തിച്ചിരുന്ന കാലത്തുള്ള യൂണിഫോം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത് .തൃശൂർ കോഫി കോഫി ഹൗസ്തുടങ്ങി 5 മാസം കഴിഞ്ഞ് 1958 ഓഗസ്റ്റ് 7നു മലബാറിൽ തലശ്ശേരിയിൽ സംഘത്തിന്റ ആദ്യ കോഫി ഹൗസ് തുറന്നു.ടി.പി. രാഘവനായിരുന്നു സംഘത്തിന്റെ ആദ്യ പ്രസിഡന്റ്. ബോർഡിന്റെ കാലത്തു കോഫി ഹൗസുകളുടെ പേര് ഇന്ത്യാ കോഫി ഹൗസ് എന്നായിരുന്നു. പിന്നീട് 1959–ൽ കോഴിക്കോട് നടന്ന യോഗത്തിലാണ് തൊഴിലാളികൾ പേര് ഇന്ത്യൻ കോഫി ഹൗസ് എന്നാക്കിയത്.തുടർന്ന് 1960 ജനുവരി ഒന്നിനു ഇന്ത്യൻ കോഫി ഹസ്സിന്റെ സ്വന്തം കാപ്പിപ്പൊടി വിപണിയിലിറക്കി. തൃശൂർ കോഫി ഹൗസിന്റെ വളർച്ചയിലെ നാഴികക്കല്ലായിരുന്നു ഇത്. അന്നന്ന് അതതു കോഫി ഹൗസുകളിൽ പൊടിച്ചെടുക്കുന്ന കാപ്പിപ്പൊടി ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. തൃശൂർ കോഫി ഹൗസിന്റെ നാലാം നിലയിൽ ഇന്നും കാപ്പിപ്പൊടി നിർമാണ കേന്ദ്രമുണ്ട്. സംഘത്തിന്റെ കീഴിലുള്ള എല്ലാ കോഫി ഹൗസുകളിലേക്കും ഇവിടെ നിന്നാണ് കാപ്പിപ്പൊടി എത്തിക്കുന്നത്. അൻപതിലേറെ വർഷങ്ങളായിട്ടും ഈ കാപ്പി കേരളത്തിൽ ജനപ്രിയ ബ്രാൻഡായി നിലനിൽക്കുന്നു. മലബാർ മേഖല, തൃശൂർ മേഖല എന്നിങ്ങനെ രണ്ടു വിഭാഗമായാണ് ഇപ്പോൾ ഇന്ത്യൻ കോഫി ഹൗസ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. മലബാറിൽ പത്തിലേറെ ശാഖയും തൃശൂർ സംഘത്തിൽ 55 ശാഖയുമാണുള്ളത്. തൃശൂർ തൊഴിലാളി സഹകരണ സംഘമാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സംഘം. രാജ്യമാകെ പത്തോളം സംഘങ്ങളുണ്ട്. നാൽപതിലേറെ വിഭവങ്ങൾ ഇപ്പോൾ കോഫി ഹൗസുകളിൽ ലഭ്യമാണ്.തൊഴിലാളി സമരങ്ങൾക്കും വ്യവസായ സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലുകൾക്കും പേരുകേട്ട കേരളത്തിൽ തൊഴിലാളികൾ നേരിട്ടു നടത്തുന്ന വിജയകരമായ സംരംഭം എന്ന നിലയിൽ ഇന്ത്യൻ കോഫീ ഹൗസ് മുന്നേറുകയാണ്.