മുത്തലാഖ് ബിൽ അവതരിപ്പിക്കാനാകാതെ രാജ്യസഭ അടുത്ത മാസം രണ്ടാം തീയതി വരെ പിരിഞ്ഞു. ബില്ല് പാസാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ അറിയിച്ചിരുന്നു. ബിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയപ്പോൾതന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേൽക്കുകയായിരുന്നു. മുത്തലാഖ് ബില്ലിൽ പുരുഷന് മൂന്നുവർഷം തടവ് ശിക്ഷ അടക്കം ഉള്ള വ്യവസ്ഥകൾ എതിർത്തുകൊണ്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെയാണ് സ്പീക്കർ സഭ പിരിച്ചുവിട്ടത്. എന്നാൽ ലോക്സഭയിൽ വൻ ഭൂരിപക്ഷത്തിന് പാസായ ബിൽ രാജ്യസഭ കടക്കാത്തത് സർക്കാറിന് തിരിച്ചടിയാവുകയാണ്. രാജ്യസഭയുടെ പരിഗണനയ്ക്ക് വെച്ചുകൊണ്ടുതന്നെ മുത്തലാഖ് ഓർഡിനൻസ് പാസാക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും സൂചനകളുണ്ട്.