ശബരിമല സ്ത്രീ പ്രവേശനവും തുടർ സമരങ്ങളും ഇത്തവണത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകുമ്പോൾ പത്തനംതിട്ട മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം കനക്കും. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത് പത്തനംതിട്ടയിലായിരുന്നു. മണ്ഡലം നേരിട്ട എല്ലാ പ്രതിസന്ധികളിലും ജനങ്ങൾക്കൊപ്പം നിന്ന് തോളോടുതോൾ പ്രവർത്തനം നടത്തിയ നേതാവാണ് പത്തനംതിട്ടയുടെ എംപി ആന്റോ ആന്റണി.
കോട്ടയം ജില്ലയിലെ പൂഞ്ഞാറാണ് അദ്ദേഹത്തിന്റെ സ്വദേശം. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേയ്ക്കിറങ്ങുന്നത്. കെഎസ്യുവിന്റെ ജനറൽ സെക്രട്ടറിയായിരുന്നു നിയമബിരുധധാരിയായ അദ്ദേഹം.
പത്തനംതിട്ടയുടെ എംപിയായി രണ്ടാംവട്ടമാണ് ആന്റോ ആന്റണി ലോക്സഭയിലെത്തുന്നത്. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നിന്നും മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം ആന്റോ ആന്റണി തന്റെ തട്ടകം പത്തനംതിട്ടയിലേക്ക് മാറ്റുകയായിരുന്നു. ഇടതുമുന്നണിയുടെ കെ സുരേഷ് കുറുപ്പിനോടായിരുന്നു അന്ന് പരാജയപ്പട്ടത്. 2009ലും 2014ലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പത്തനംതിട്ടയിൽ നിന്നും ആന്റോ ആൻറണി വിജയിക്കുന്നത്.
2009 ലെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കെ അനന്തഗോപനായിരുന്നു ആന്റോ ആന്റണിയുടെ എതിരാളി. 111,206 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അക്കുറി ആന്റോ ആന്റണി വിജയിച്ചത്. 2014ൽ കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങിപ്പോന്ന മുൻ ഡിസിസി പ്രസിഡന്റ് പീലിപ്പോസ് തോമസിനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. ഭൂരിപക്ഷത്തിൽ ചെറിയ ഇടിവുണ്ടായെങ്കിലും പത്തനംതിട്ട മണ്ഡലം ആന്റോ ആന്റണിക്കൊപ്പം തന്നെ നിന്നു. 56,191 വോട്ടിന്റെ വ്യത്യാസത്തിലായിരുന്നു വിജയം.
ആദിവാസി വിഭാഗങ്ങളും മലയോര കാർഷിക മേഖലയുമൊക്കെ ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ പിന്നോക്ക മേഖലകളിൽ വികസനം എത്തിക്കുകയായിരുന്നു ആന്റോ ആന്റണി എംപിയുടെ പ്രഥമ ലക്ഷ്യം. തുടർപഠനത്തിന് സൗകര്യം ഇല്ലാതെ വന്നതോടെ പഠനം മുടങ്ങിയ ആദിവാസികുട്ടികൾക്ക് എംപിയുടെ നേതൃത്വത്തിൽ സഹായം എത്തിക്കാനായത് അദ്ദേഹത്തിന്റെ സ്വീകാര്യത വർദ്ധിപ്പിച്ചു.
എന്തിനും ഏതിനും ജനങ്ങൾക്കൊപ്പമുള്ള നേതാവാണ് പത്തംതിട്ടക്കാർക്ക് ആന്റോ ആന്റണി.
കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാലും എംപിയെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനം തൃപ്തികരമാണ്. പാർലമെന്റിലെ 75ഓളം ചർക്കകളിൽ അദ്ദേഹം പങ്കെടുത്തു. സംസ്ഥാന ശരാശരി 135 ഉം ദേശീയ ശരാശരി 63.8 ഉം ആണ്. 620 ചോദ്യങ്ങൾ ചോദിച്ചത് എടുത്തു പറയേണ്ടതാണ്. ഇക്കാര്യത്തില്‍ സംസ്ഥാന ശരാശരിയേയും ദേശീയ ശരാശരിയേയും വെല്ലുന്ന പ്രകടനം ആണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്.
എംപി ഫണ്ട് സംസ്ഥാനത്ത് നല്ല രീതിയിൽ വിനിയോഗിച്ച എംപിയാണ് ആന്റോ ആന്റണി. 18. 56 കോടി രൂപയാണ് ഇക്കുറി എംപി ഫണ്ടിലേക്ക് അനുവദിച്ചത്. ഇതിൽ 15.39 കോടിയോളം രൂപ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഇതുവരെ ചിലവഴിച്ചു. അതായത് അനുവദിച്ച തുകയുടെ 87. 94 ശതമാനം മാത്രമാണ് ഇതുവരെ ചിലവഴിച്ചിട്ടുള്ളത്.
പത്തനംതിട്ട പിടിക്കാൻ ഇത്തവണയും ആന്റോ ആന്റിയെ തന്നെ യുഡിഎഫ് ഇറക്കുമെന്നാണ് കരുതുന്നത്. ആന്റോ ആൻറണിക്ക് ഒരു പേര് മണ്ഡലത്തിൽ ഉയർന്ന് കേൾക്കുന്നില്ല. എങ്കിലും ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾ മണ്ഡലത്തിൽ എങ്ങനെയ പ്രതിഫലിച്ചുവെന്ന വിശകലനങ്ങൾക്ക് ശേഷം മാത്രമെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകു.
ജനസമ്മിതിയുള്ള ഒരു സ്ഥാനാർത്ഥിയെ പത്തനംതിട്ടയിൽ ഇറക്കാനാണ് സിപിഎമ്മും ഒരുങ്ങുന്നത്. മണ്ഡലത്തിൽ കാര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപിയ്ക്കും വലിയ പ്രതീക്ഷകളാണ് മണ്ഡലത്തിലുള്ളത്. ശബരിമല സമരത്തിൽ തുടക്കം മുതൽ നിലനിർത്താനായ ആധിപത്യം ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്. മണ്ഡലത്തിൽ ബിജെപിക്ക് അനുകൂലമായി കാറ്റ് വീശിയാൽ തിരിച്ചടിയുണ്ടാവുക കോൺഗ്രസിനാണ്