പണമടങ്ങിയ ബാഗ് പുറത്തുവച്ച് ശുചിമുറിയിൽ പോയി; തിരിച്ച് വന്നപ്പോഴേക്കും 75 ലക്ഷം കവർന്ന് അജ്ഞാത സംഘം, ദൃശ്യങ്ങള്‍

ETVBHARAT 2025-10-25

Views 8

തൃശൂര്‍: മണ്ണുത്തിയിൽ വൻ കവർച്ച. കാറിൽ എത്തിയ സംഘം വ്യാപാരിയുടെ 75 ലക്ഷം രൂപ കവർന്നു. എടപ്പാൾ സ്വദേശി മുബാറക്കിൻ്റെ പണമടങ്ങിയ ബാഗാണ് കവർന്നത്. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. 

ബാംഗ്ലൂരിൽ നിന്നും ബസിൽ മണ്ണുത്തിയിൽ വന്നിറങ്ങിയ മുബാറക്ക് സമീപത്തെ മെഡിക്കൽ ഷോപ്പിന് മുന്നിൽ ബാഗ് വച്ച് മൂത്രമൊഴിക്കാൻ പോയപ്പോഴായിരുന്നു കവർച്ച. ശുചിമുറിയില്‍ പോയി തിരികെ വരുന്നതിനിടെ തൊപ്പി ധരിച്ച ഒരാൾ പണമടങ്ങിയ ബാഗ് എടുത്ത് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഇയാളുമായി പിടിവലി ഉണ്ടായെങ്കിലും മോഷ്‌ടാവ് മുബാറക്കിനെ തള്ളി നിലത്തിട്ട് ബാഗുമായി കാറിൽ കയറി രക്ഷപ്പെട്ടു. 

ഇന്നോവ കാറിൽ എത്തിയ നാലംഗ സംഘമാണ് മോഷണത്തിന് പിന്നിൽ. മണ്ണുത്തി ഭാഗത്തേയ്ക്കായിരുന്നു ഗ്രേ കളർ കാറിൽ സംഘം രക്ഷപ്പെട്ടത്. പിടിവലിയിൽ പരിക്കേറ്റ മുബാറക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയ ശേഷം മണ്ണുത്തി പൊലീസിൽ പരാതി നൽകി. 

അറ്റ്ലീസ് ട്രാവൽസ് എന്ന സ്ഥാപനത്തിൻ്റെ ഉടമയായ മുബാറക്കിന് ബസ് വിറ്റു കിട്ടിയ പണമാണെന്നും, കുറി കിട്ടിയ പണമാണെന്നുമാണ് പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Share This Video


Download

  
Report form
RELATED VIDEOS