കോട്ടയം: തെരുവ് നായ ആക്രമണത്തിൽ നിന്ന് കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ഈരാറ്റുപേട്ട തെക്കേക്കരയിൽ ഇന്ന് (ജനുവരി 21) രാവിലെയാണ് സംഭവം. സമീപത്തെ വീട്ടുമുറ്റത്ത് കൂടി മദ്രസയിലേക്ക് നടന്ന് പോകുകയായിരുന്നു രണ്ടു കുട്ടികൾ. ഇവർക്ക് നേരെയാണ് പിൻവശത്തുകൂടി തെരുവ് നായ ആക്രമിക്കാനായി പാഞ്ഞടുത്തത്. നായ വരുന്നത് കണ്ടതും കുട്ടികൾ ഭയപ്പെട്ടു. പിന്നീട് സമീപത്തെ വീട്ടിലേയ്ക്ക് ഇരുവരും ഓടിക്കയറി. അനസ് കടുക്കാപറമ്പൽ എന്നയാളുടെ വീട്ടിലേയ്‌ക്കാണ് കുട്ടികൾ ഓടിക്കയറിയത്. എന്നാൽ കുട്ടികളെ ലക്ഷ്യം വച്ച് നായ അതിവേഗത്തിൽ കുട്ടികളുടെ പിന്നാലെ ഓടി. കുട്ടികളെ ആക്രമിക്കാനായി നായ, അനസിൻ്റെ വീടിൻ്റെ മുൻവശത്തെ പടി വരെ എത്തി. അകത്തേയ്‌ക്ക് കയറാൻ ശ്രമിച്ച നായ പിന്നീട് പിൻതിരിഞ്ഞുപോകുന്നത് സിസിടിവി ദൃശ്യത്തിൽ കാണാം. നിലവിളിയും അകത്ത് നിന്നുള്ള ശബ്‌ദവും കേട്ടതിനാലാകാം നായ പിൻതിരിഞ്ഞുപോയത്. പിന്നാലെ രണ്ടു നായകൾ കൂടി ഉണ്ടായിരുന്നതായി കുട്ടികൾ പറഞ്ഞു. തക്ക സമയത്ത് കുട്ടികൾ വീടിനുള്ളിൽ കയറിയതിനാൽ നായയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടു. അനസിൻ്റെ വീട്ടിലെ സിസിടിവി യിൽ നായ കുട്ടികളുടെ പിന്നാലെ വരുന്നതും കുട്ടികൾ ഓടുന്നതുമായ ദൃശ്യങ്ങൾ കാണാം.