ടൊയോട്ട പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അർബർ ക്രൂയിസർ വിപണിയിലെത്തി. മിഡ്, ഹൈ, പ്രീമിയം എന്നീ മൂന്ന് വേരിയന്റുകളിലായി എത്തുന്ന കോംപാക്‌ട് എസ്‌യുവിക്ക് 8.40 ലക്ഷം മുതൽ 11.40 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ പുനർനിർമിത പതിപ്പായ അർബൻ ക്രൂയിസറിന്റെ ടീസറുകൾ പുറത്തുവന്നതു മുതൽ വാഹനത്തിന്റെ മിനി ഫോർച്യൂണർ ലുക്കിൽ എസ്‌യുവി പ്രേമികൾ ആകൃഷ്ടരായിരുന്നു. ടൊയോട്ട-സുസുക്കി പങ്കാളിത്തത്തിൽ നിന്ന് ഇന്ത്യൻ വിപണിയിൽ എത്തുന്ന രണ്ടാമത്തെ ഉൽപ്പന്നമായ പുതിയ സബ്-4 മീറ്റർ എസ്‌യുവിക്കായുള്ള ബുക്കിംഗ് ഇതിനകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്. വാഹനം സ്വന്തമാക്കാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 11,000 രൂപ ടോക്കൺ തുക നൽകി ടൊയോട്ടയുടെ ഷോറൂമുകളിൽ നിന്നും അർബൻ ക്രൂയിസർ ബുക്ക് ചെയ്യാം. ഈ ജാപ്പനീസ് കൂട്ടുകെട്ടിൽ നിന്നും പുനർനിർമിച്ച് ആദ്യം വിപണിയിൽ എത്തിയ ഗ്ലാൻസയുടെ അതേ പാതയാണ് അർബൻ ക്രൂയിസറും പിന്തുടരുന്നത്.